മൊബൈൽ ഫോണുകൾ നാട്ടിൽ പ്രചരിച്ചു വരുന്ന കാലം. മൊബൈൽ ഫോൺ ആദ്യമായി കണ്ടത് എന്നാണെന്നു ഓര്മയില്ലെങ്കിലും തൊണ്ണൂറുകളുടെ അവസാനത്തിൽ അമ്മായിടെ മോന്റെ കയ്യിൽ ഉള്ള ഫോണിൽ ആണ് ആദ്യമായി ഒരു കാൾ വിളിക്കുന്നത് . ഒരു ചെറു ഇഷ്ടികയുടെ വലിപ്പമുള്ള ഫോണും കൊണ്ട് തന്റെ ടാറ്റ സുമോയിൽ വീട്ടിൽ വന്നിരുന്ന ആളെ കാണുമ്പൊൾ അത്ഭുതമാണ് തോന്നിയിരുന്നത് . പിന്നെയും കുറെ കാലം വേണ്ടിവന്നു മൊബൈൽ ഫോൺ ഒന്ന് സ്വന്തമാക്കാൻ !
ഇയിടെക്കാണ് രംഗൻ വിളിക്കുന്നത് ( മമ്മൂട്ടി പടമായ നീലഗിരി കണ്ടശേഷം മൂപ്പർ മൂപ്പരെ തന്നെ വിളിക്കുന്ന പേരാണ് രംഗൻ ) “നീ ടൗണിൽ വരുമ്പോൾ ഒന്ന് വീട്ടിൽ വരണം” ഒരു കാര്യം ഉണ്ട്”. അന്ന് രംഗന്റെ വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട്. അന്നല്ല ! അഞ്ചാറു കൊല്ലം മുൻപേ തന്നെ അവന്റെ വീട്ടിൽ കമ്പ്യൂട്ടർ ഉണ്ട് . ഞാനും, മണിയും, അഭിയും, പിശുക്കൻ എന്ന് വിളിപ്പേരുള്ള മറ്റൊരു സുഹൃത്തും കൂടി പ്രീ ഡിഗ്രി കാലത്തു തന്നെ സ്ഥിരമായി രംഗന്റെ വീട്ടിൽ പോകാറുണ്ട് . കമ്പ്യൂട്ടറിൽ സിനിമ കാണുന്ന സുഖം ഒന്ന് വേറെ തന്നെ ! എന്തായാലും രംഗൻ വിളിച്ചപ്പോൾ ഒന്നും നോക്കാൻ നിന്നില്ല . ഉടനെ തന്നെ വണ്ടിയും എടുത്തു അവന്റെ വീട്ടിലോട്ടു വിട്ടു . മൂപ്പർക്ക് എവിടെനിന്നോ ഒരു ലാപ്ടോപ്പും മൊബൈൽ ഫോണും കിട്ടിയിട്ടുണ്ട്. ദുബായിൽ ഉള്ള ഒരു സുഹൃത്ത് കൊടുത്തതാണത്രേ . അതൊന്നു ആർക്കെങ്കിലും വിൽക്കണം . ലാപ്‌ടോപ്പിന് ആൾ ആയിട്ടുണ്ട് . മൊബൈൽ ഫോണിന്റെ കാര്യം ഞാനും ഏറ്റു. എന്തെങ്കിലും കുറച്ചു പൈസ കമ്മീഷൻ കിട്ടിയാലോ എന്നോർത്തപ്പോൾ കണ്ണുമടച്ചു ആളെ ശരിയാക്കാം എന്നും പറഞ്ഞു . രണ്ടു ദിവസത്തോളം ആ ഒരു ഫോൺ എന്റെ കയ്യിൽ ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ആദ്യരാത്രി . തെറ്റിദ്ദരിക്കണ്ട! മൊബൈൽ ഫോണുമായുള്ള ആദ്യരാത്രി എന്നാണ് ഉദ്ദേശിച്ചത് ! കച്ചവടത്തിൽ രംഗന് ഉദ്ദേശിച്ച ലാഭം കിട്ടിയില്ലെങ്കിലും എനിക്ക് കമ്മീഷൻ വകയിൽ കുറച്ചു രൂപ കിട്ടി . ലോ കോളേജിൽ കോഴ്സ് എല്ലാം കഴിഞ്ഞു സപ്ളി എഴുതി നടക്കുന്ന സമയം ! കാൽ കാശ് വീട്ടിൽ നിന്നും തരാത്ത അവസ്ഥ! എന്തായാലും രംഗൻ തന്റെ ദേഷ്യം കുറച്ചു തെറികളിൽ ഒതുക്കി . അവനും എന്തോ ഉഡായിപ്പിൽ കിട്ടിയ ഐറ്റം ആയിരുന്നു അത് എന്ന് തോന്നുന്നു …എന്തായാലും അതായിരുന്നു എന്റെ ആദ്യത്തെ മൊബൈൽ . രണ്ടു ദിവസം മാത്രെമേ കയ്യിൽ ഉണ്ടായുള്ളൂ എങ്കിലും സപ്ലി എഴുതാനും , യാത്രക്കും മറ്റു വട്ടച്ചെലവുകൾക്കും എല്ലാം അതൊരു നിമിത്തം ആയി എന്ന് വേണം പറയാൻ .
പിന്നെയും കുറെ വർഷങ്ങൾ വേണ്ടി വന്നു ഒരു മൊബൈൽ സ്വന്തമായി കിട്ടാൻ ! തൃശൂർ ജില്ലാ കോടതിയിൽ ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യുന്നകാലം. അന്നാണ് ആദ്യമായി ഒരു മൊബൈൽ ഫോൺ സ്വന്തമായി കിട്ടുന്നത് . ബന്ധുക്കളും സുഹൃത്തുക്കളും പലരും ഗൾഫിൽ ഉണ്ടെങ്കിലും അടുത്ത വീട്ടിലെ ചേട്ടൻ ആണ് ആദ്യമായി ഒരു മൊബൈൽ ഫോൺ എനിക്ക് തരുന്നത് . ഒരു ചെറിയ ആന്റിന ഒക്കെ ആയി കറുപ്പും നീലയും കലർന്ന നിറത്തോടെ ഉള്ള എറിക്‌സൺ ബ്രാൻഡ് ഫോൺ . ഗൾഫിൽ നിന്നും വെക്കേഷന് വന്ന മൂപ്പർ ഒരു ഡ്യൂട്ടി ഫ്രീയുടെ കവറിൽ ഇത് തരുമ്പോൾ ഒരിക്കലും അതൊരു മൊബൈൽ ആണെന്ന് കരുതിയിരുന്നില്ല. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു. ഇന്നാണെങ്കിൽ ” ചേട്ടന്റെ ഒരു ഫോട്ടോ എനിക്ക് തരാമോ”. പഴ്സിൽ വെക്കാനാണ് ” എന്ന് ചോദിക്കാമായിരുന്നു. അത്രക്കും ഞാൻ കൊതിച്ചിരുന്നു ,ഒരു ഫോണിന് വേണ്ടി! പിന്നെ സിം കാർഡിനുള്ള പരക്കം പാച്ചിലായി. BSNL പ്രീപെയ്ഡ് കിട്ടാനില്ലാത്ത അവസ്ഥ. ഒരു എസ്കോട്ടൽ സിം കാർഡ് ഒപ്പിച്ചു . ഇൻകമിംഗ് കാളിനു ചാർജ് ഉള്ള കാലം ആണ് . എങ്ങാനും വല്ല കാളും വന്നാൽ കട്ട് ചെയ്തു ലാൻഡ്‌ഫോണിൽ നിന്നും തിരിച്ചു വിളിച്ചു നോക്കും . അപ്പോഴാണ് BSNL പോസ്റ്റ്പെയ്ഡ് കണക്ഷൻ നെ പറ്റി ഒരു സുഹൃത്ത് പറയുന്നത് . BSNL പ്രീപെയ്ഡ് സിം മാത്രമേ കിട്ടാൻ ബുദ്ദിമുട്ടുള്ളൂ . പോസ്റ്റ് പെയ്ഡ് ഈസി ആയി കിട്ടും. പോസ്റ്റ്പെയ്ഡ്ന് ആണേൽ ഇൻകമിംഗ് കാളുകൾ ഫ്രീ ആണ് താനും . ഒന്നും നോക്കാൻ നിന്നില്ല . അതൊരെണ്ണം ഒപ്പിച്ചു. എസ്കോട്ടെല്ലിനോട് സാമ്യമുള്ള നമ്പറും കിട്ടി . അവസാന അഞ്ചു നമ്പറുകൾ രണ്ടും ഒന്നായിരുന്നു . ഏതാണ്ട് ഈ സമയത്തു തന്നെയാണ് റിലയൻസ് ഫോണുകൾ സൗജന്യമായി കൊടുത്തുകൊണ്ട് വിപ്ലവം സൃഷ്ട്ടിച്ചത് എന്നാണ് ഓര്മ . അന്ന് ഒഴിവാക്കിയ എസ്കോട്ടൽ നമ്പർ പിന്നീട് രൂപാന്തരം പ്രാപിച്ചു ആദ്യം ഐഡിയ സെല്ലുലാർ ആയി മാറി വീണ്ടും പരിണാമം സംഭവിച്ചു വൊഡാഫോൺ ഐഡിയ ആയി എന്നാണ് അറിയാൻ കഴിഞ്ഞത് . എന്തായാലും ആ നമ്പർ എന്റെ ബന്ധുവായ ഒരു സുഹൃത്ത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അവൻ മൊബൈൽ വാങ്ങിയപ്പോൾ എന്റെ കയ്യിൽ വെറുതെ ഇരുന്നിടുന്ന സിം അവനു കൊടുത്തതായിരുന്നു . അത് അവന്റെ പേരിൽ ആക്കിയോ എന്നൊന്നും അറിയില്ല. കോവിഡ് കാലം കഴിഞ്ഞതു നന്നായി ഇല്ലേൽ റൂട്ട് മാപ് നോക്കി പോയാൽ ചിലപ്പോ അവന്റെ ചെയ്തികൾ എല്ലാം എന്റെ തലയിൽ ഇരുന്നേനെ .
അതൊക്കെ പോട്ടെ. കുറച്ചു കാലം എസ്കോട്ടൽ സിം കാർഡ് ഉപയോഗിച്ച് നടന്ന കാലത്തെ കഥയാണ് പറയാൻ ഉദ്ദേശിച്ചത്. ഞാൻ ഒരു വക്കീൽ ഓഫീസിൽ ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യുകയാണ് . രാവിലെ 9 മണിക്ക് ഓഫീസിൽ വരും അവിടെനിന്നും ഒരു പത്തുമണിയാകുമ്പോൾ കോടതിയിലേക്ക് ..11 മണിക്കാണ് കോടതി തുടങ്ങുന്നത് . ഒരു പത്തു പത്തരയ്ക്ക് തന്നെ ഞങ്ങൾ കോടതിയിൽ എത്തും . ഒന്നാം നിലയിൽ ഉള്ള Annexe എന്ന് വിളിക്കുന്ന ബാർ അസോസിയേഷൻ ഹാളിലെ ഒരു ചായയും കുടിച്ചേ ദിവസം തുടങ്ങാറുള്ളു ! പോക്കറ്റിൽ കൊള്ളാതെ പുറത്തേക്കു എപ്പോൾ വേണേലും ചാടാൻ തയ്യാറെടുത്തു നിക്കുന്ന മൊബൈൽ ഫോണും കൊണ്ട് സ്റ്റെപ് കയറി മുകളിലേക്ക് പോകുമ്പോൾ എന്നും കാണാം ഒരു വക്കീൽ തന്റെ ഫോണിൽ സംസാരിച്ചു നില്കുന്നത് ..അന്നൊക്കെ അത്ഭുതമാണ് ..ഇത്രയും സമയം മൊബൈൽ ഫോണിൽ സംസാരിക്കുകയോ ? കൂടെ ഉള്ള ബിജു വക്കീലിനോട് അത്ഭുതം പങ്കു വച്ചു ! ആൾക്കും അത്ഭുതം .എന്നാൽ ഇയാളെ പറ്റി ഒന്ന് തിരക്കാം. കോടതിയിൽ തന്നെയുള്ള മന്നവൻ എന്ന് വിളിപ്പേരുള്ള സുഹൃത്തിനോട് ചോദിച്ചു. മന്നവനെ പറ്റി പറയാൻ ആണെങ്കിൽ കുറെ ഉണ്ട് . ആളൊരു സർവ വിജ്ഞാനകോശം ആണ്. ഒരാളെ പറ്റി ചോദിച്ചാൽ വീട്ടുപേര് മുതൽ ഭാര്യാ വീട് വരെ, അവരുടെ ബന്ധുക്കളുടെ ഡീറ്റെയിൽസ് അടക്കം പറഞ്ഞു തരും. എന്തിനധികം പറയുന്നു വീടിന്റെ സർവ്വേ നമ്പർ വരെ കിട്ടും എന്നാണ് കോടതിയിലെ സംസാരം. എന്തായാലും മൊബൈൽ ഫോണിൽ സംസാരിച്ചു നിൽക്കുന്ന ആളുടെ ഡീറ്റെയിൽസ് കിട്ടി. ആളും ഒരു ജൂനിയർ അഡ്വക്കേറ്റ് ആണ് . ആളെ നമുക്ക് ‘ബാജി’ എന്ന് വിളിക്കാം. പ്രാക്ടീസ് തുടങ്ങിയിട്ടു വർഷം കുറച്ചായെങ്കിലും സ്വന്തമായി പ്രാക്ടീസ് തുടങ്ങാതെ ഇപ്പോഴും ജൂനിയർ ആയി തന്നെ തുടരുന്നു . എന്നാലും എങ്ങിനെ കഴിയുന്നു ? എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങി . അന്നൊക്കെ മൊബൈൽ ഫോണിൽ കൂടുതൽ സമയം സംസാരിക്കാനേ സാധിക്കില്ല ഒരു സാധാരണക്കാരന്. ഒന്നാമത് ഇൻകമിംഗ് കാൾ ഫ്രീ അല്ല . പിന്നെ ഒടുക്കത്തെ ചാർജും ! എങ്ങാനും വല്ല ഇൻകമിംഗ് കാളും വന്നാൽ കട്ട് ചെയ്ത് അന്നെക്സിൽ ഉള്ള ലാൻഡ്‌ഫോണിൽ നിന്നും അങ്ങോട്ട് വിളിക്കുന്ന ഞങ്ങൾക്ക് മുന്നിൽ ഒരു ഹിമാലയം പോലെ നിക്കുന്ന ലവനെ കണ്ടു അസ്സുയ തോന്നാത്തവർ ഇല്ല ..ഇത് ഒന്നും രണ്ടും ദിവസം അല്ല . എല്ലാ ദിവസവും ഇത് തന്നെ അവസ്ഥ . എന്നും രാവിലെ എല്ലാവരും ബാർ അസോസിയേഷനിൽ വരുന്ന സമയത്തു മൂപ്പര് അവിടെ കാണും . ചെവിയിൽ ഫോണും വച്ച് ..രാവിലെ എല്ലാവരുടെയും സംസാരവിഷയം ആയി ഇത് തീർന്നു . ഒരു മൂന്ന് നാല് ദിവസം ഞാൻ ക്ഷമിച്ചു ! ക്ഷമക്കും ഒരു അതിരില്ലേ ! അങ്ങിനെ ഒരു ദിവസം ഞാനും ബിജുവും കൂടി മൂപ്പരുടെ അടുത്ത് ചെന്നു . ഇതൊന്നു അറിയണമല്ലോ .അപ്പോഴാണെങ്കിൽ ബാർ അസ്സോസിയേഷനിലേക്കു വക്കീലന്മാർ ഒഴുകി വരുന്ന സമയം ആണ് . എല്ലാവരും ഇദ്ദേഹത്തെ ശ്രദ്ധിച്ചാണ് പോകുന്നത് ! പ്രത്യേകിച്ച് പെൺകുട്ടികൾ! അതും കൂടി ഓർത്തപ്പോൾ നെഞ്ചിനകത്തു ഒരു ചെറിയ വേദന പോലെ . എന്തായാലും ഞാൻ രണ്ടും കല്പിച്ചു ആളുടെ തോളത്തൊന്നു തട്ടി . ഏതു സിം കാർഡ് ആണ് ഉപയോഗിക്കുന്നത് ? എങ്ങിനെ ഇത്ര അധികം നേരം സംസാരിക്കാൻ പറ്റുന്നു ? പ്ലാൻ ഏതാണ് ? അങ്ങിനെ പല ചോദ്യങ്ങളും ചോദിക്കണം . ചെറുതായൊന്നു തിരിഞ്ഞു മൂപ്പർ ചെറുവിരൽ ഒന്ന് പൊക്കി എന്നോട് ഒന്ന് വെയിറ്റ് ചെയ്യാൻ പറഞ്ഞു . സംസാരം നിർത്തുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല . “വിട്ടേക്കടാ” “ജാടയാ ” എന്ന് ബിജു ……എന്നാലും ഇതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് കരുതി നിന്ന എന്നെ ഞെട്ടിപ്പിച്ചു കൊണ്ടാണ് മൂപ്പരുടെ ചെവിയിലെ ഫോൺ റിങ് ചെയ്തത് ! ഞാൻ അന്നേവരെ കേട്ടിട്ടില്ലാത്ത …ഏതു നെഞ്ചുവേദനയും മാറ്റുന്ന… ഏറ്റവും മനോഹരമായ റിങ്‌ടോൺ ………..