പഞ്ചാരവണ്ടി

മംഗലാപുരം കോയമ്പത്തൂർ പാസ്സഞ്ചർ ട്രെയിനിന് പഞ്ചാരവണ്ടി എന്നൊരു പേരുണ്ടെന്ന് ആദ്യമൊന്നും എനിക്ക് അറിയില്ലായിരുന്നു. രാവിലെ 8.40 ന് മംഗലാപുരത്തു നിന്നും പുറപ്പെടുന്ന ഈ ട്രെയിൻ “കൈ കാണിച്ചാൽ വരെ നിർത്തി ആളെ കേറ്റും” എന്ന് സീനിയർസ് തമാശക്ക് പറയുന്നത് മുൻപ് കേട്ടിട്ടുണ്ട് . തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിൽ മംഗലാപുരത്തും കാസർകോടും പഠിക്കുന്ന ഭൂരിഭാഗം പേരും അവധിക്കു നാട്ടിലേക്കു പോകാൻ ഈ വണ്ടിയെ ആണ് ആശ്രയിച്ചിരുന്നത് . കാരണങ്ങൾ പലതാണ് . ഒന്നാമത്തേത് ഇതിന്റെ കുറഞ്ഞ യാത്രാ നിരക്കുതന്നെ ആയിരുന്നു. കൂടാതെ ധാരാളം ജനറൽ കംപാർട്മെന്റ് ഉള്ള വണ്ടി ആയതുകൊണ്ടു തന്നെ റിസർവേഷൻ ഇല്ലാതെ തന്നെ എല്ലാവര്ക്കും എളുപ്പം സീറ്റ് കിട്ടും . മംഗലാപുരത്തും കർണാടകയിലെ മറ്റു പരിസരപ്രദേശങ്ങളിലും ഉള്ള കോളേജുകളിൽ മലയാളികൾ തിങ്ങി പഠിക്കുന്ന കാലം . എണ്ണി ചുട്ട അപ്പം പോലെ വീട്ടിൽ നിന്നും അയച്ചു കിട്ടുന്ന കിട്ടുന്ന പ്രതിമാസ സംഖ്യ ആദ്യത്തെ ആഴ്ച തന്നെ തീരും ! ഓണത്തിനും ക്രിസ്മസിനും ദീപാവലിക്കും ഒക്കെ നാട്ടിലേക്കു പോണേൽ പിന്നേ ഈ വണ്ടി തന്നെ ശരണം. ആകെ ഉള്ള കുഴപ്പം രാവിലെ മംഗലാപുരത്തുനിന്നും പുറപ്പെട്ടാൽ എല്ലാ സ്റ്റേഷനിലും നിർത്തിയേ പോകൂ എന്നതാണ് . എന്നാൽ അതൊരു അനുഗ്രഹം ആയി കൊണ്ട് നടന്നിരുന്ന ചിലരാണ് ഈ വണ്ടിക്കു പഞ്ചാരവണ്ടി എന്ന പേര് നൽകിയത്. “ഒരു വണ്ടി നിറയെ സുന്ദരന്മാരും സുന്ദരിമാരും” “ഇതിനെ പിന്നെ പഞ്ചാരവണ്ടി എന്നല്ലാതെ എന്താടാ വിളിക്കേണ്ടത് ? കൂട്ടത്തിലെ കോഴി മൊഴിഞ്ഞു . മധ്യ കേരളത്തിലോട്ടുള്ള ഭൂരിഭാഗം പേരും പ്രത്യേകിച്ചും സ്റ്റുഡന്റസ് ഈ വണ്ടി തന്നെയാണ് തെരെഞ്ഞെടുക്കാറ് . എന്നാൽ കോട്ടയം, കൊല്ലം തിരുവനന്തപുരം പോകേണ്ടവർ മലബാർ എക്സ്പ്രസും പരശുറാം എക്സ്പ്രസും ആണ് കൂടുതൽ ആശ്രയിക്കുന്നത്.

അന്നത്തെ ട്രെയിൻ യാത്ര എല്ലാം തന്നെ വളരെ രസകരമായിരുന്നു . പാട്ടും പാടി സീറ്റിന്റെ അരികത്തുള്ള തടിപ്പാളി തബല ആക്കികൊണ്ടുള്ള ഗാനമേള ആണ് മെയിൻ നേരം കൊല്ലി. ആൺകുട്ടികളും പെൺകുട്ടികളും കൈ കൊട്ടി പാടി ഉല്ലസിച്ചുള്ള യാത്ര. ചീട്ടുകളി വേറെ , ഇടയ്ക്കു ഉമ്മാണിയുടെ മിമിക്രി പ്രകടനവും ഉണ്ടാകും. ഉമ്മാണി ആളൊരു രസികൻ ആയിരുന്നു . ഒന്നാംവര്ഷം കോളേജിൽ ഏറ്റവും കൂടുതൽ റാഗിങ് കിട്ടിയിട്ടുള്ളത് ഉമ്മാണിക്കാണ്. കാരണം ഉമ്മാണി രസികൻ ആണ് എന്നുള്ളത് തന്നെയാണ് . ഈ പാട്ടും മിമിക്രിയും മറ്റും ഉമ്മാണിയെ സീനിയർന്നു ഏറ്റവും പ്രിയപ്പെട്ടവൻ ആക്കിയിരുന്നു . ഉമ്മാണി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റാഗിങ്ങ് എനിക്കാണ് കിട്ടിയിട്ടുള്ളത് . ആദ്യമൊക്കെ റാഗിങ് പേടി ആയിരുന്നെങ്കിലും പിന്നെ പിന്നെ ഞാനും ഉമ്മാണിയും റാഗിങ് എന്ന സംരംഭവുമായി പൊരുത്തപ്പെടാൻ തുടങ്ങിയിരുന്നു. റാഗിങ്ങ് എന്ന് പറഞ്ഞാണ് സീനിയർസ് നമ്മളെ കൊണ്ട് പോകുന്നതെങ്കിലും അവരെ രസിപ്പിച്ചു കയ്യിൽ എടുക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു ഉമ്മാണിക്ക്. അത് കഴിഞ്ഞാൽ പിന്നേ സീനിയർസ് നല്ല കൂട്ടു ആകും . നല്ല ഭക്ഷണം ഒക്കേക്കിട്ടും. ഹോസ്റ്റലിലെ വേലായുധൻ ചേട്ടന്റെ ഭക്ഷണം കഴിച്ചു മടുത്ത ഞങ്ങൾക്ക് ഇതൊരു ആശ്വാസമാണ് താനും . ഈ ടെക്‌നിക് എന്നെ പഠിപ്പിക്കുന്നത് ഉമ്മാണി ആണ്. അങ്ങിനെ ഞാനും ഉമ്മാണിയുടെ വഴിയേ പതിയെ നീങ്ങാൻ തുടങ്ങി . അക്കാലത്തു ഹോസ്റ്റലിൽ നിന്നും കോളേജിലേക്കല്ലാതെ ആരും പുറത്തിറങ്ങാറില്ല . പിന്നെ ഞാൻ ആയി എല്ലാര്ക്കും വേണ്ടി സാധനങ്ങൾ വാങ്ങാൻ പുറത്തു പോകുന്നത് . ഏതെങ്കിലും സീനിയർസ് കണ്ടാൽ അന്നത്തെ കാര്യം കുശാൽ. ആദ്യമൊക്കെ കുറച്ചു റാഗിങ് ഉണ്ടെങ്ങിലും അതൊക്കെ അനുസരിച്ചു നിന്നാൽ പിന്നേ മൂക്കറ്റം തിന്നേം കുടിക്കേം ചെയ്യാം . ആ ഉമ്മാണി ഗുരുവും ഉണ്ട് യാത്രയിൽ… കൂടെ തൃശ്ശൂർക്കാരൻ എന്ന് വിളിക്കുന് സുഹൃത്തും, തൃശ്ശൂർക്കാരൻ ഒരു കവി ആണ്. തൃശ്ശൂർക്കാരന്റെ വീട് കാണാനും രണ്ടു ദിവസം അവിടെ താമസിക്കാനും കൂടെ സാബുവും സാജുവും കൂടെ പോരുന്നുണ്ട്. സാബുവും സാജുവും ബന്ധുക്കൾ ആണ് . കണ്ണൂരിലെ ഏതോ കുഗ്രാമത്തിൽ നിന്നും വരുന്നവർ ആയതോണ്ട് നാടും നഗരവും കാണാൻ വരുന്നതാണെന്നാണ് തൃശ്ശൂര്കാരൻറെ ഭാഷ്യം. എനിക്കും ഇവന്മാരുടെ പല ചെയ്തികൾ കാണുമ്പൊൾ അങ്ങിനെ തോന്നാറുണ്ടെങ്കിലും എല്ലാം മനസ്സിൽ ഒതുക്കികൊണ്ടു തലയാട്ടി.

മംഗലാപുരം സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ പഞ്ചാരവണ്ടിക്കുള്ള വിദ്യാർത്ഥികളുടെ തിരക്ക് കാണാൻ കഴിഞ്ഞു . ഭൂരിഭാഗം പേരും ഉഡുപ്പി, മണിപ്പാൽ പഠിക്കുന്നവർ. അക്കാലത്തു ഇന്ത്യയുടെ യൂണിവേഴ്സിറ്റി ടൌൺ എന്നറിയപ്പെട്ടിരുന്ന മണിപ്പാലിൽ നിന്നും കേവലം 3-4 കിലോമിറ്റർ മാത്രം ദൂരെ ആയിരുന്നു ഞങ്ങളുടെ കോളേജ്. കോളേജിലെ തന്നെ പലരും മുൻപേ തന്നെ സീറ്റ് പിടിച്ചു തയ്യാറായി ഇരുപ്പാണ്.

മംഗലാപുരം പാലം കഴിഞ്ഞപ്പോൾ തന്നെ പാട്ടും കൂത്തും കവിതയും തുടങ്ങി. “കാട്ടിൽ പോണ വഴിയേത് കാട്ടിത്തരുവാനാരുണ്ട്”…..തൃശ്ശൂര്കാരൻ തൊണ്ട കീറി പാടിത്തുടങ്ങി ……പിന്നീടങ്ങോട്ട് 70 കളിലെയും 80 കളിലെയും പാട്ടുകളും കവിതകളും കൊണ്ട് അരങ്ങു കൊഴുത്തു. വണ്ടി മെല്ലെ കാസർകോട് എത്താറായി ..യാത്രക്കാരെല്ലാം ഞങ്ങളുടെ കൂപ്പക്ക് ചുറ്റും കൂടിനിന്നു പ്രോത്സാഹനം തരുന്നത് ചിലർക്ക് അലോസരം ഉണ്ടാക്കി എന്ന് പറയാതെ വയ്യ ! വണ്ടിക്ക് പഞ്ചാരവണ്ടി എന്ന് പേരുകൊടുത്ത കൂട്ടർ ..അവർ അവരുടെ പരിപാടി ആയി അടുത്ത കൂപ്പ ലക്ഷ്യമാക്കി നീങ്ങി . “എടാ കാസര്കോടുനിന്നും പിള്ളേര് കുറെ കേറാനുണ്ട് വേണേൽ പോരെ” കൂട്ടത്തിൽ ഉള്ള സുഹൃത്തിനു കേരളത്തിലുള്ള ഏതൊക്കെ കോളേജിലെ പിള്ളേർ വണ്ടിയിൽ കേറും എന്ന് നല്ല നിശ്ചയമായിരുന്നു . കാസർകോട് ചട്ടം ചാലിൽ ഉള്ള അവന്റെ ചില സുഹൃത്തുക്കളെ പറ്റി അവൻ പറഞ്ഞത് ഞാൻ ഓർത്തു . എന്റെ ഏരിയ അതല്ലായിരുന്നത് കൊണ്ടും , ഉമ്മാണിയും, യദുവും പാൻട്രിയിൽ ഉള്ള ചേട്ടന്മാരെ ആഘോഷക്കമ്മറ്റിക്ക് (പേര് ഒറിജിനൽ അല്ല ) ചട്ടം കെട്ടിയിട്ടുള്ളത് അറിയാവുന്നതു കൊണ്ടും സ്നേഹപൂർവ്വം ക്ഷണം നിരസിച്ചു. പാൻട്രിയിലേക്കു പോണേൽ കുറെ പുറകോട്ടു പോണം . അവിടുത്തെ ചേട്ടന്മാർ ഒക്കെ പോളിയാണ് . കട്ലറ്റ് , ബോണ്ട മുതലായ കടികൾ ചൂടോടെ കിട്ടും അവിടെ. “അവിടെനിന്നും എന്തും കിട്ടും” എന്നാണ് തൃശൂർകാരന്റെ ഭാവം. ആകെ ഉള്ള കുഴപ്പം വൃത്തി കുറവാണ് എന്നത് മാത്രം …ഏതായാലും ലോകോളജ് ഹോസ്റെലിനേക്കാൾ ഭേദം തന്നെ . പ്ലാസ്റ്റിക് ഗ്ലാസ് മാത്രമേ ഉണ്ടാകൂ! അതായിരുന്നു സുരാഗ് എന്ന സുഹൃത്തിന്റെ സങ്കടം . അവനു അത് പറ്റും . സ്വന്തമായി നാട്ടിൽ ഹോട്ടലും മറ്റും ഒക്കെ ഉള്ള പാർട്ടി ആണ് . അവനൊക്കെ എന്തും ആകാല്ലോ . ഉമ്മാണിക്കും യദുവിനും , തൃശ്ശൂര്കാരനും ഇതൊക്കെ എന്ത്. “പ്ലാസ്റ്റിക് ഗ്ലാസിൽ, പ്രത്യേകിച്ച് റയിൽവെയുടെ ഗ്ലാസിൽ കുടിക്കുമ്പോൾ മുകളിലെ വായ്‌വട്ടം ഉള്ള അറ്റത്തു രണ്ടു വിരലുകൊണ്ട് മാത്രം പിടിക്കണം എന്നിട്ടു ഉള്ളം കയ്യുകൊണ്ട് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ തലോടി വേണം ഗ്ലാസ് പിടിക്കാൻ ..നടുക്ക് പിടിച്ചാൽ അവിടം കുഴിഞ്ഞു വെള്ളം താഴെ പോകും” തൃശ്ശൂർക്കാരൻ ഉപദേശം തുടങ്ങി . പാൻട്രിയിലെ ചേട്ടന്മാർ പരിപ്പുവടക്കൊണ്ടും കട്ലറ്റ്കൊണ്ടും സ്നേഹം കാണിക്കാൻ തുടങ്ങി . ഞങ്ങൾ തിരിച്ചു ഗ്ലാസ് കൊണ്ടും ! കണ്ണൂർ ആയിക്കഴിഞ്ഞാൽ കൂട്ടത്തിലെ പലരും ഇറങ്ങി തുടങ്ങും. സമയം കുറവാണു …പാൻട്രി വാതിൽ അടച്ചു കൊണ്ടാണ് കലാപരിപാടി . ആരോ കാര്യമായി വാതിലിൽ തട്ടുന്നുണ്ട് . പഞ്ചാര പണിക്കു പോയ സുഹൃത്ത് ഓടി കിതച്ചു വന്നിരിക്കുകയാണ് . “എന്നെ കൂട്ടാതെ വന്നു അല്ലേ” എന്ന പരിഭവം പാൻട്രി ചേട്ടന്മാരുടെ സ്നേഹത്തിനു മുന്നിൽ അലിഞ്ഞില്ലാതെ ആയി . കലാപരിപാടികൾ പെട്ടെന്ന് തന്നെ എല്ലാം അവസാനിപ്പിച്ചു ..”അടുത്തത് കാലിക്കറ്റ്, പിന്നെ ഷൊർണുർ ആണുട്ടോ ” വേണേൽ ആദ്യം പറയണേ” എന്ന് പാന്ററി ചേട്ടൻ . “ഷൊർണുർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് തന്നെ അപ്സര ഉണ്ടേ” എന്ന ഓര്മപെടുത്തലും. ഞാൻ കുറ്റിപ്പുറം ഇറങ്ങും എന്നുള്ളത് കൊണ്ട് നിർദ്ദേശം ഞാൻ വകവെച്ചില്ല . പാട്ടിനുള്ള മൂടൊക്കെ പോയി . ചീട്ടുകളിയും ഉറക്കവുമൊക്കെ ആയി കണ്ണൂർ കഴിഞ്ഞു . കൂട്ടത്തിലെ ഓരോരുത്തർ ആയി ഇറങ്ങി തുടങ്ങി. കാലിക്കറ്റ് ആയപ്പോഴാണ് കുറച്ചു പെൺകുട്ടികൾ കയറിയത് . കാലിക്കറ്റ് ലോ കോളേജിൽ പഠിക്കുന്നവർ ആണ് . കൂട്ടത്തിലുള്ള രണ്ടു പേർ പെട്ടെന്ന് ഞങ്ങളോട് കൂട്ടായി . അവരും ഞങ്ങളെ പോലെ നിയമ വിദ്യാർഥികൾ ആയതുകൊണ്ടാണോ എന്നറിയില്ല ചീട്ടുകളിക്കാനും , പാട്ട് പാടാനും എന്തിനും കട്ടക്ക് സപ്പോർട്ട് . നമുക്ക് അവരെ തത്കാലം നീബ, വർഷ എന്ന് വിളിക്കാം . നീബയുടെ വീട് തൃശൂർ ടൗണിൽ തന്നെയാണ് . വർഷ വടക്കാഞ്ചേരിയും .പഞ്ചാരകുട്ടന്റെ സുഹൃത്തുക്കൾ എല്ലാരും ഇറങ്ങിയത്പോയത് കൊണ്ടാണോ അതോ മൂപ്പർക്ക് താനൂർ സ്റ്റേഷനിൽ ഇറങ്ങേണ്ടത് കൊണ്ടാണോ എന്നറിയില്ല തിരിച്ചു വന്നു വർഷയുടെ അടുത്ത് ഇരുപ്പുറപ്പിച്ചു . യദു നീബയ്ക്കടുത്തും …”കണ്ടില്ലേ ..ശരിയാ! ഇതു പഞ്ചാരവണ്ടി തന്നെ” ഉമ്മാണി കാതിൽ മന്ത്രിച്ചു. എനിക്കും അങ്ങിനെ തോന്നി. വണ്ടി താനൂർ എത്തി . മൂപ്പര് ഇറങ്ങുന്ന ലക്ഷണമൊന്നും കാണാൻ ഇല്ല . വർഷയുമായി കൂലംകഷമായ ചർച്ചയാണ് ..യദുവാണേൽ നീബയുമായും. തൃശ്ശൂര്കാരനും ഞാനും മുഖത്തോടു മുഖം നോക്കി …രണ്ടുപേരുടെയും മനസ്സിൽ ഷൊർണുർ അപ്സര മിന്നി തിളങ്ങി വന്നു . പക്ഷെ എനിക്ക് കുറ്റിപ്പുറത്താണ് ഇറങ്ങേണ്ടത് . ടിക്കറ്റും അതുവരെയെ ഉള്ളു താനും . താനൂരിൽ ഇറങ്ങേണ്ടവൻ ഇതാ ഇരിക്കുന്നു . എന്നാ പിന്നേ ..തൃശൂർ ഇറങ്ങിയാലും വീട്ടിലേക്കു പോകാമല്ലോ …കയ്യിലെ കാശൊക്കെ കഴിഞ്ഞു എങ്കിലും എല്ലാം എണ്ണിപറക്കി പാൻട്രി ചേട്ടന്റെ അടുത്ത് പോയി . പഞ്ചാരവണ്ടി ഷൊർണുർ നിന്നും കോയമ്പത്തൂർ ആണ് പോകുന്നത് . അതുകൊണ്ടു തന്നെ ഞങ്ങൾ എല്ലാര്ക്കും അവിടെ ഇറങ്ങി കണക്ഷൻ ട്രെയിൻ പിടിച്ചു വേണം തൃശൂർ പോകാൻ . ഷൊർണുർ കുറച്ചു അധികസമയം കിട്ടും എന്നത് യദുവിനും പഞ്ചാരകുട്ടനും സന്തോഷമേകി . പാൻട്രിയിലെ ചേട്ടനെ കാണാൻ വൈകുന്നതുകൊണ്ടുള്ള വിഷമം ഉമ്മാണിയുടെ മുഖത്ത് പ്രകടമായിരുന്നു . എന്നിരുന്നാലും എല്ലാം നന്നായി തന്നെ കലാശിച്ചു ..പാൻട്രിയിലെ ചേട്ടന്മാർ പൊളിയാണെന്നു ഞാൻ മുന്നേ പറഞ്ഞിരുന്നല്ലോ …എല്ലാരും കൂടി കണക്ഷൻ ട്രെയിനിലോട്ടു കയറി . ടിക്കറ്റ് ഇല്ല എന്നോർത്തപ്പോൾ ഒരു ചെറിയ പേടി ..”പിന്നേ ..അതൊന്നും കുഴപ്പം ഇല്ലന്നേ” ചെക്കിങ് ഒന്നും ഉണ്ടാവില്ല” യദുവുമായി കുറുങ്ങി കൊണ്ടിരുന്ന നീബ ധൈര്യം തന്നു. ഉമ്മാണിയുടെ കൂടെ കുറച്ചു ബിസി ആയിപോയതോണ്ട് വർഷ എവിടെയാണ് ഇറങ്ങിയത് അറിഞ്ഞില്ല . പൂങ്കുന്നം എത്താറായപ്പോൾ അതാ വരുന്നു TTE. എനിക്കും പഞ്ചാരകുട്ടനും ടിക്കറ്റ് ഇല്ല . പിടിച്ചാൽപുലിവാലാകും .പൂങ്കുന്നത്തു വണ്ടി നിർത്തിയതാണോ അതോ ക്രോസിങ് ആയിരുന്നോ എന്നോർമ്മയില്ല .തൃശൂർ ആണ് ഇറങ്ങുന്നത് എന്ന് പറഞ്ഞ നീബ പൂങ്കുന്നത്തു ചാടി ഇറങ്ങി . TTE വന്നു പഞ്ചാരകുട്ടനെ പിടിച്ചു . പാവം യദു കയ്യും കാലും പിടിച്ചു പഴ്സിൽ ഉണ്ടായിരുന്ന അവസാനത്തെ പൈസയും പെറുക്കി കൊടുത്തു മെല്ലെ പ്രശ്നത്തിൽ നിന്നും ഊരി . ഉടനെ തന്നെ തൃശൂർ എത്തിയത് നന്നായി . ബാഗും കൊണ്ട് ചാടി പുറത്തിറങ്ങി . “എന്നാലും നീബ എന്താ ഈ കാണിച്ചത്” ? യദുവിന്റെ സങ്കടം അതായിരുന്നു . എല്ലാരും തൃശൂർ ഇറങ്ങി മെല്ലെ ദിവാൻജി മൂലയിലോട്ടു നടന്നു . ആരുടെയും കയ്യിൽ പൈസ ഇല്ല. “കുഴപ്പമില്ല! പൈസ കൊണ്ടുവരാൻ ഞാൻ എന്റെ ടൗണിൽ ഉള്ള കസിനോട് പറയാം” ..ഹോട്ടലുകാരൻ മുതലാളി രക്ഷക്കെത്തി. “എന്നാലും നീബ എവിടെ” യദു പിന്നെയും ആരാഞ്ഞു …പെട്ടെന്നാണ് ഒരു ഓട്ടോറിക്ഷ വന്നു ഞങ്ങളുടെ മുന്നിൽ നിർത്തിയത്. അതാ നീബ അതിൽ നിന്നും ഇറങ്ങി വരുന്നു . പൂങ്കുന്നത്തു ഇറങ്ങി അവിടെ നിന്നും ഓട്ടോ വിളിച്ചു വന്നതാണത്രേ ..”സോറി കേട്ടോ ..എന്റെ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നില്ല . അതാ അവിടെ ചാടി ഇറങ്ങിയത്” കോഴിക്കോടുനിന്നും തൃശൂർ വരെ ടിക്കറ്റ് എടുക്കാതെ വന്ന അവരാണോ കുറ്റിപ്പുറത്തുനിന്നു മാത്രം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ഞങ്ങൾ ആണോ കേമന്മാർ എന്നായിരുന്നു എന്റെ ചിന്ത . എന്തായാലും നീബ കാശ് തന്നു സഹായിച്ചത് കൊണ്ട് അന്ന് എല്ലാര്ക്കും സമയത്തിന് വീട്ടിൽ എത്താൻ പറ്റി . കാശ് തിരിച്ചു കൊടുക്കാൻ ഇനിയും നീബയെ കാണാലോ എന്നോർത്ത യദുവും ഹാപ്പി.

This entry was posted in Uncategorized. Bookmark the permalink.

Leave a comment