കാടുകൾ എന്നും എനിക്ക്ഹരമായിരുന്നു..അത് കൊണ്ട് തന്നെ ഭൂരിഭാഗം എന്റെ അവധികാല യാത്രകളും ഇരുൾ കുത്തിനില്ക്കുന്ന വനങ്ങൾക്ക് ഇടയിലൂടെ ആയിരുന്നു. നമ്മുടെ ജീവിതം എങ്ങിനെയോ അങ്ങിനെ തന്നെയാണ് യാത്രകളും. നമ്മൾ തിരഞ്ഞെടുക്കുന്ന വഴികൾ! …അത് വളരെ പ്രധാനാമാണ്. അത് യാത്രകളെ സുന്ദരങ്ങളാക്കും. .. സാഹസികത അവിസ്മരണീയമായ അനുഭവങ്ങൾ തന്നേക്കാം.. കാടുകൾ എനിക്ക് ഹരമായതും അതായിരിക്കാം… പണ്ട് തൊട്ടേ ഞാൻ അങ്ങിനെ തന്നെ ആയിരുന്നു. അതു കൊണ്ട് തന്നെ മെയിൻ റോഡുകൾ ഉപേക്ഷിച്ചു …..വഴി കുറച്ചു വളഞ്ഞാലും കാടിന്റെ വന്യത തൊട്ടു ഡ്രൈവ് ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട് …ചുറ്റുപാടും നമ്മിൽ നിന്നും ഓടി മറയുന്ന മരങ്ങളും …വല്ലപോൾ മാത്രംവരുന്ന വാഹനങ്ങളും ..ചിവീടുകളും പറവകളും തരുന്ന പശ്ചാത്തല സംഗീതവും ശ്രവിച്ചും, ശ്വാസകോശങ്ങൾക്ക് മരുന്നേകുന്ന ശുദ്ധവായുവും ശ്വസിച്ചു കൊണ്ട് ഡ്രൈവ് ചെയ്യാൻ ഒരു പ്രത്യേക സുഖം തന്നെആണ് . ബാംഗ്ലൂർ പോകുമ്പോൾ സേലം വഴി പോകാതെ ബന്ദിപ്പൂർ വഴി പോയിരുന്നതും , ഊട്ടിക്കു പോകുമ്പോൾ സാധാരണ വഴി വിട്ടു ബസനഗുടി വഴി കല്ലട്ടി കയറ്റം വഴി പോയിരുന്നതും എല്ലാം മനപ്പൂർവ്വം ആയിരുന്നു. ഇതിൽ കല്ലട്ടി കയറ്റം വഴി ഊട്ടി യാത്ര ആദ്യം നടത്തിയപ്പോൾ ഞാൻ കരുതിയിരുന്നു ഇതാകും ഊട്ടിക്കുള്ള ഈറ്റവും ഹൃദ്യമായ യാത്ര എന്ന്.. അത് തെറ്റാണെന്ന് പിന്നീടു എനിക്ക് മനസിലായത് അട്ടപ്പാടി, മുള്ളി വഴി ഊട്ടിക്കു പോയപ്പോഴാണ് ….സാധാരണ കൊയമ്പതുർ വഴി ഉപേക്ഷിച്ചു നിലംബൂർ വഴി ബസനഗുടി …അവിടെ നിന്നും, എന്റെ ഓർമ്മ ശരിയാണെങ്കിൽ 37 ഹെയർ പിന്നുകൾ ആണെന്ന് തോന്നുന്നു കല്ലട്ടി. പിന്നീട് എത്രയോ പ്രാവശ്യം എന്റെ വാഹനം കല്ലട്ടി വഴി ഊട്ടി കറങ്ങിയിരിക്കുന്നു ! എന്തിനു പറയുന്നു …. പഠിക്കുന്ന സമയത്ത് എല്ലാവരും കൂർഗ് , ബാംഗ്ലൂർ തിരഞ്ഞെടുക്കുപോൾ ഞങ്ങൾ ഹെബ്രിയും , സീതാനദി യും, ശ്രിംഗേരി, കുദ്രെമുഖ്, ധർമസ്ഥല , കുടജാദ്രി എന്നീ സ്ഥലങ്ങൾ തേടി പോയിരുന്നതും ഈ ഒരു താല്പര്യം തന്നെ ആയിരുന്നു. ഇതിൽ ഹെബ്രി ഏറ്റവും കൂടുതൽ പാമ്പുകൾ (രാജവെമ്പാല ) ഉള്ള സ്ഥലം ആയിപോയത് വെറും യാദിശ്ച്രികമാണ്. കർണാടകയിൽ ഉടുപ്പിയിൽ നിന്നും ഷിമൊഗക്കുള്ള വഴി മദ്ധ്യേ അഗുംബെക്ക് അടുത്തുള്ള ഒരു സ്ഥലമാണ് ഹെബ്രി. സമുദ്രനിരപ്പിൽ നിന്നും ഉയര്ന്നു നില്കുന്ന സ്ഥലമായത് കൊണ്ട് കാലാവസ്ഥയും വളരെ നല്ലതാണ്. ഹെബ്രിക്ക് അടുത്തുള്ള സീതാനദി എന്ന സ്ഥലത്തേക്കാണ് ഞങ്ങളുടെ യാത്ര! തെക്കെ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപെടുന്ന അഗുംബെ ക്ക് അടുത്ത് കിടക്കുന്നത് കൊണ്ട് തന്നെ ഇവിടെയും മഴ വളരെ കൂടുതൽ ആണ്. ഇടതുർന്ന മരങ്ങളുള്ളതുകൊണ്ട് വെളിച്ചം അല്പം മാത്രമേ കാടിനുള്ളിൽ എത്തി ചേരുകയുള്ളൂ. കാടിനുള്ളിലൂടെ ഒഴുകുന്ന സീതാനദി ആണ് ഈ സ്ഥലത്തിനു പേര് നല്കിയത്. ഹെബ്രി യാത്രകളിൽ ഉണ്ടായിട്ടുള്ളത്ര അനുഭവങ്ങൾ വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ വേണം പറയാൻ —കൂടെ കൂടെ ഉണ്ടായിരുന്ന പേര് വെളിപെടുത്താൻ എനിക്ക് പേടിയുള്ള സുഹൃത്തിനു ചാത്തൻ എന്ന പേര് വീണതും, പൂച്ചയുടെ വാല് കണ്ടു പുലിയെന്നു അലറി വിളിച്ചു കരഞ്ഞതും, വെടി ഇറച്ചി ഒന്നും കിട്ടാതെ വന്നപ്പോൾ …തോക്കും ആയി വന്ന ചേട്ടന്റെ വീട്ടിലെ കോഴിയെ അടിച്ചു മാറ്റി കാട്ടുകോഴി ആക്കി വിളമ്പിയതും , പട്ട അടിച്ചു ബോധം പോയ പണിക്കാരൻ ചേട്ടൻ നീർക്കോലി ആണെന്ന് പറഞ്ഞു വിഷ പാമ്പിനെ വാലിൽ പിടിച്ചു എറിഞ്ഞതും, ബോധം വന്നപ്പോൾ (എറിഞ്ഞ ആളിന് ) പാമ്പിന്റെ ശവം കണ്ടു ബോധം പോയതും …അതിൽ ചിലത് മാത്രം…. ഉദ്ദേശം 20 വർഷങ്ങൾക്കു മുൻപ് ആണ് ഞാൻ ആദ്യമായി ഹെബ്രിയിൽ പോകുന്നത്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്തിനു ഹെബ്രിയിൽ സീതനദിക്കു അടുത്ത് കുറച്ചു കൃഷി സ്ഥലം ഉണ്ടായിരുന്നു പേര് ജിമ്മി ആണെന്നാണ് ഓര്മ….കൂടെ ഒരു ഫാം ഹൗസും.. ഫാം ഹൌസ് ഒരു കിടങ്ങിനാൽ കാടുമായി വേർതിരിച്ചിട്ടുണ്ട്. ഈ കിടങ്ങിലെ വെള്ളം എത്തി ചേരുന്നത് സീതനദിയിലാണ്. മഴക്കാലത്ത് ഒരു റോപ് വേ വഴി ആണ് ഫാം ഹൌസിൽ എത്തി ചേരേണ്ടത് . 5 മണി ആയി ജിമ്മിന്റെ വീട്ടിൽ എത്തിയപ്പോൾ . ഒരു ചെറിയ വീട് ആണ്. ഓടു കൊണ്ടും ആസ്ബടോസ് കൊണ്ടും മേഞ്ഞ ഒരു ചെറിയ ചായ്പ് എന്ന് വേണേൽ പറയാം. 2 മുറി ഉണ്ട് . വീടിനു ചുറ്റും കൃഷി സ്ഥലം ആണ് . അത് കഴിഞ്ഞാൽ പിന്നെ കാട് . കാടെന്നു പറഞ്ഞാൽ പോര കൊടും കാടു എന്ന് തന്നെ പറയണം. ജിമ്മി ചായ ഉണ്ടാക്കുന്ന തിരക്കിൽ ആണ്. ഞങ്ങൾ 7- 8 പേരുണ്ട് .. അപ്പോൾ തന്നെ കൂട്ടത്തിൽ ഉള്ള സൃഹുത്തിനു ഹാലിളകി തുടങ്ങിയിരുന്നു. മൂപ്പർക്ക് അപ്പ്ലോ തന്നെ നായാട്ടിനു പോണം. ജിം തന്നെ നായാട്ടിനു ഒരാളെ എര്പടാക്കി . പേര് ഗോപാൽ. തിരകൾക്കുള്ള പൈസയും മൂപര്ക്കുള്ള പട്ടയുടെ പൈസയും കൊടുത്തു ആളെ പറഞ്ഞു വിട്ടു. 10 മിനുട്ടിൽ വരം എന്ന് പറഞ്ഞ ആണ് ആളു പോയത്. ജിമ്മിന്റെ വീടിനു മുന്നില് കുറെ പൂഴി മണൽ കൂട്ടി ഇട്ടിടുണ്ട്. അവിടെ ഇരുന്നാണ് ഞങ്ങൾ ചായ കുടിച്ചത്. അപ്പോളാണ് വീടിനു അടുത്ത് തകന്നു കിടക്കുന്ന ഒരു ഒരു കൂട് ഞങ്ങളുടെ കണ്ണിൽ പെടുന്നത്. അതിൽ നിന്നാണത്രേ ഒരു ആഴ്ച മുൻപ് പുലി ഒരു ആടിനെ പിടിച്ചു കൊണ്ട് പോയത്. അത് കേട്ടപ്പോൾ തന്നെ ഞാൻ വീടിനുള്ളിൽ കിടന്നെ ഉറങ്ങു എന്ന് തീരുമാനിച്ചാണ് ഗോപാൽ ചേട്ടനോടൊപ്പം ഹന്ടിങ്ങിനു പോയത്. ഞങ്ങൾ 3 പേര് ആണ് മൂപരുടെ കൂടെ …കുടിക്കാനുള്ള വെള്ള പാത്രം , ഒരു ടോർച് , മൂപര്ക്ക് ഹെഡ് ലൈറ്റ് ഉണ്ട് . മിണ്ടാതെ വേണം നടക്കാൻ അതും കൂരാകൂരിരുട്ട്, പോരാത്തതിനു തണുപ്പും . എല്ലാം കൂടി ആയപ്പോൾ കൂടെയുള്ള സുഹൃത്തിന്റെ മാനം ഒക്കെ പമ്പ കടന്നു. പട്ട എങ്കിൽ പട്ട! . ഒന്നൊന്നര മണിക്കൂർ കഴിഞ്ഞിട്ടും വെടിവയ്ക്കാൻ ഒരു പൂട പോലും കിട്ടാതായപ്പോൾ ഗോപലെട്ടാൻ പറഞ്ഞു ഇനി നമുക്കെ മൊച്ചയെ നോക്കാം എന്ന്. നമുക്കുണ്ടോ മൊച്ച എന്താന്നു അറിയുന്നു .. മലയാളം കലർന്ന കന്നടയിൽ ഗോപലെട്ടാൻ വിശദികരിച്ചു .(മലയാളം ജിമ്മി പഠിപിച്ചതും! , ഒരു മാതിരി തൃശൂർ കന്നഡ )…” മൊച്ച ഒരു മരത്തിൽ നിന്നും മറ്റേ മരത്തിലേക്ക് ചാടും അപ്പ്പോൾ വേണം വെടി വക്കാൻ. അല്ലേൽ വെടി കിട്ടിയാലും മൂപർ മരത്തിൽ നിന്നും പിടി വിടില്ല.” അപ്പോളാണ് ഞാൻ ശ്രദ്ദിക്കുന്നത് ….മൂപര് പറയുന്നത് കുരങ്ങിനെ പറ്റി ആണ്. മാനിനേയും, മുയലിനേയും ഒന്നും വേണ്ട ഒരു കാട്ടുകൊഴിയെങ്ങിലും!….ഇതെല്ലം സ്വപ്നം കണ്ടിട്ട് കുരങ്ങിനെ തിന്നേണ്ടി വരുമോ? മൊച്ചയെങ്കിൽ മൊച്ച! എന്റെ സുഹൃത്ത് കന്നടയിലും തുളുവിലും ഗോപാലേട്ടനെ എന്തൊക്കെയോ പറഞ്ഞുമനസിലാക്കുന്നുണ്ടായിരുന്നു…കൂട്ടത്തിൽ അവനു മാത്രേ കുറച്ചു എങ്കിലും കന്നഡ അറിയൂ…അതിന്റെ അഹങ്കാരം അവനു കുറച്ചു ഉണ്ട് കേട്ടോ ..ഈ അഹങ്കാരം തെല്ലു ഒന്ന് ശമിച്ചത് പിന്നെയാണ് .അതിന്റെ പിറകിൽ ഒരു കഥയുണ്ട് .. കന്നടയിൽ നമ്മൾ ആള്ക്കാരെ സംബോദന ചെയ്യുന്നത് “സാമി” എന്നാണ് . നമ്മുടെ നാട്ടിൽ നമ്മൾ ചേട്ടാ എന്ന് വിളിക്കുന്ന പോലെ . ..നമ്മൾ ഒരു ചായകടയിൽ പോയാൽ “സാമി ….ഒന്തു ടീ ” എന്ന് പറഞ്ഞാൽ ചായ തരും. ഈ കൂടുകാരൻ അടുത്ത് നാട്ടിൽ ഒന്നു പോയി. മംഗലാപുരത്തിന് അടുത്തുള്ള കണ്ണൂർ ആയതുകൊണ്ട് മൂപർ ഇടക്കിടെ നാട്ടിൽ പോകാറുണ്ട്. കന്നടയുടെ ടേസ്റ്റ് വായിൽ നിന്നും മാറാതതു കൊണ്ടാണോ എന്നറിയില്ല കണ്ണൂരിലെ ഒരു ചായകടയിൽ കയറി മൂപ്പർ പറഞ്ഞതും “സാമി ….ഒന്തു ടീ ” എന്ന് ……ചായക്കടക്കാരന്റെ ഉത്തരം പെട്ടെന്നായിരുന്നു ! ” ചായ ഒക്കെ തരാം ” സാമി നിന്റെ തന്ത”!
“ഠേ”…”ഠേ”…ഗോപാലേട്ടൻ രണ്ടും കല്പിച്ച് ആണെന്ന് തോന്നുന്നു ….മോച്ചയുടെ ഭാഗ്യം! …. വെടി ഒന്നും കൊണ്ടില്ല ! ഗോപാലേട്ടന് നടന്നു മടുത്തിട്ടാണോ , അതൊ കുപ്പി കാലിയായത് കൊണ്ടാണോ എന്നറിയില്ല…. എന്തായാലും ഞങ്ങൾ നായാട്ടു നിർത്തി പോന്നു …ഞങ്ങൾ തിരിച്ചെത്തുമ്പോൾ ഉദ്ദേശം പത്തു മണി ആയി കാണും. കൂടെവന്നവർ ആഘോഷത്തിൽ ആണ്. പാട്ടും ആട്ടവും കളികളും അങ്ങിനെ …..നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഉറക്കം പെട്ടെന്ന് കീഴ്‌പ്പെടുത്തി.
വെളുപിനെ ഒരു നാലു മണി ആയപ്പോളാണ് എഴുന്നേൽക്കുന്നത്…..ചാടി എണീറ്റ് വീടിനകതെക്ക് ഒരു ഓട്ടം ആണ്! കാരണം എന്തെന്നോ? ഇത്രനേരം കിടന്നത് പുറത്തു പൂഴി മണൽ കൂട്ടി ഇട്ടിടത്ത് ..അതും ആട്ടിൻ കൂടിന്റെ തൊട്ട് !…..കഴിഞ്ഞ ആഴ്ച പുലി വന്നു ആടിനെ കൊണ്ട് പോയ അതെ കൂട്!………………………. രാവിലത്തെ ചായ കഴിഞ്ഞപ്പോൾ അടുത്ത അന്വേഷണമായി ഇനി എന്തു ചെയ്യും? അതിനും ഗോപലെട്ടാൻ .വഴി കണ്ടെത്തി. സീതാനദി പോകാം തോട്ട ഇട്ടു മീൻ പിടിക്കാം ….ശരി. പത്തു മണി ആകുമ്പോഴേക്കും തോട്ടയും മറ്റും ആയി മൂപർ റെഡി. പുഴ കണ്ടപ്പോഴേ എല്ലാരും ചാടി ഇറങ്ങി. നല്ല സ്പടികം പോലെ ഉള്ള വെള്ളം. അതിൽ സൂര്യപ്രകാശം തട്ടുമ്പോൾ തിളങ്ങുന്നത് കാണാൻ ഒരു പ്രത്യേക രസം. പുഴയിൽ ഇറങ്ങിയപ്പോൾ കൊടും തണുപ്പ് . അത് വരെയുള്ള ക്ഷീണമെല്ലാം പമ്പ കടന്നു. തോട്ട വെടിമരുന്ന് നിറച്ചു ചുറ്റികെട്ടിയ ഒരു സാധനം ആണ്. ഒരു തിരി പുറത്തേക്കു നീണ്ടു നില്ക്കുന്നുണ്ടാകും . അതിൽ തീ കൊളുത്തി വേണം പുഴയിലേക്കു എറിയാൻ. തിരി കത്തി അവസാനിക്കുമ്പോൾ വേണം പുഴയിലേക്ക് എറിയാൻ . അല്ലെങ്ങിൽ അത് വീണു കെട്ടു പോകും. തിരി കത്തിച്ചാൽ നമ്മുടെ കമ്പിത്തിരി പോലെ ആണ്. കുറച്ചു മനക്കരുത്ത് ഉള്ളവര്ക്ക് മാത്രമേ തിരി കത്തി തീരും വരെ കയ്യിൽ പിടിക്കാൻ പറ്റൂ !.. പുഴയിൽ കുളിക്കാൻ തുടങ്ങിയിരുന്ന കുട്ടാളികളെ കരയിൽ കയറ്റി ഗോപലെട്ടാൻ തോട്ട കത്തിച്ചു ..ഒറ്റ ഏറു വച്ച് കൊടുത്തു ….അത് വെള്ളത്തിൽ മുട്ടുന്നതോട് കൂടി പോട്ടി തെറിച്ചു ..ഒരു ചെറിയ ബോംബു പൊട്ടിയ പോലെ ഉണ്ടായിരുന്നു. നീന്തൽ അറിയാവുന്നവർ എല്ലാരും ചാടി തപ്പു തുടങ്ങി. ആദ്യം കിട്ടിയതെല്ലാം ചെറിയ മീൻ ആയിരുന്നു. ഗോപാലേട്ടൻ ഒരു മുങ്ങു മുങ്ങി ….വന്നത് ഒരു വലിയ മീനും മീനും കൊണ്ട്! വലിയ മീനെല്ലാം വെള്ളത്തിന് അടിയിൽ ആകുമത്രേ ! പിന്നെ എല്ലാരും വെള്ളതിനടിൽ ഊളയിട്ടു വലിയ മീനുകളെ പിടിക്കാൻ തുടങ്ങി… തോട്ടയുടെ ആഘാതം ഏറ്റ മീനുകളെ തിരഞ്ഞു പെറുക്കി എടുക്കുകയെ വേണ്ടൂ… ഉദേശം 5-6 കിലോ മീൻ പിടിച്ചു കാണണം. ഇത് വെടിപ്പാക്കി വറുക്കേണ്ടേ ..തല്ക്കാലം മീൻ പിടുത്തം നിർത്തി ..ഗോപാലേട്ടൻ കയ്യിലെ മീനെല്ലാം എടുത്തു വീട്ടില് പോയി . പിന്നെ ആണ് ഞങ്ങൾ ശരിക്കും സീത നദിയുടെ തണുപ്പും ആഴവും നിറഞ്ഞ ഭാഗങ്ങളിലേക്ക് പോകുന്നത്. ഹെബ്രി യാത്രകൾ പിന്നെയും പലവട്ടം ഉണ്ടായിട്ടുണ്ട് . ആദ്യ യാത്ര മറക്കാനാവാത്തത് തന്നെ ആകുമല്ലോ ! വൈകുന്നേരം ആകുമ്പോഴേക്കും മീൻ വറുത്തതും കൂടി ഊണും കഴിച്ചേ ഞങ്ങൾ തിരിച്ചു പോന്നുള്ളൂ … “വീണ്ടും വരണേ ….മാനിനെയോ മുയലിനെയൊ ശരിയാക്കാം” “ഈ തവണ പോലെ ആകില്ല അടുത്ത തവണ” എന്ന ഗോപാലേട്ടന്റെ ഓർമ പെടുത്തലും…. അത് ശരിയായിരുന്നു പിന്നീട് പലതവണ ഞങൾ അവിടെ പോയിട്ടുണ്ട് ….പിന്നീടു എന്നോ ഒരു PSC പരീക്ഷയുടെ പരിശീലനവേളയിൽ ഒരു നടുക്കത്തോടെ ആണ് വായിച്ചത് ഹെബ്രിയിലും അഗുംബെയിലും ആണ് രാജവെമ്പാലകൾ ഏറ്റവും കൂടുതൽ ഉള്ളതെന്ന് !…

